"ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം"; കിഡ്‌നി പ്രശ്‌നം കാരണം നിരാഹാരം അവസാനിപ്പിച്ചു: രാഹുൽ ഈശ്വർ
കിഡ്‌നിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് താൻ നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ. കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
കിഡ്‌നിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നാണ് താൻ നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. "നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയുമാണ് കിടന്നത്. 11 ദിവസമായി താൻ ജയിലിൽ കിടക്കുന്നു," രാഹുൽ പറഞ്ഞു. തൻ്റെ കേസിന് സ്റ്റേഷൻ ജാമ്യം നൽകേണ്ടതാണ്. തന്നെ ഇങ്ങനെ ജയിലിൽ കിടത്തേണ്ട ഒരു ആവശ്യവുമില്ല. 11 കിലോ ഭാരം കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡി കാലാവധി കോടതി വ്യാഴാഴ്ച രാവിലെ 11 മണി വരെ നീട്ടിയിട്ടുണ്ട്. തങ്ങളെ പോലുള്ളവർ കള്ളക്കേസുകളിൽ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നൽകണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
What's Your Reaction?

