തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് മന്ത്രി സജി ചെറിയാൻ. പലസ്തീനിൽ നിന്നുൾപ്പെടെയുള്ള 19 സിനിമകൾക്കാണ് പ്രദർശനാനുമതി നൽകാത്തത്. മേളയുടെ പ്രതിസന്ധി വേദനാജനകം, സങ്കടകരവുമാണെന്നും മന്ത്രി പറഞ്ഞു.
വിലക്ക് രാഷ്ട്രീയ അജണ്ടയാണെന്നും സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയാണെന്നുമാണ് മന്ത്രി പറയുന്നത്. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണ്. ഐഎഫ്എഫ്‌കെയുടെ 29 എഡിഷനുകളിലും ഇല്ലാത്ത വിഷയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. അടുത്ത തവണ മേളതന്നെ നടക്കുമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
ബോധപൂർവ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്‌ടിച്ച പ്രശ്നമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സിനിമകളുടെ ആവശ്യകത അറിയിച്ചപ്പോൾ 189 എണ്ണത്തിന് അനുമതി കിട്ടി. ഇനി 19 സിനിമകൾക്ക് കൂടി അനുമതി ലഭിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് സിനിമകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.