സംസ്ഥാനത്ത് കൂടുതൽ എ.ഐ സ്മാർട്ട് ഫെൻസുകൾ സ്ഥാപിക്കും

40 ലക്ഷം രൂപ ചെലവിലാണ് ഫെൻസ് നിർമ്മിക്കുക

Aug 14, 2025 - 11:19
Aug 14, 2025 - 11:20
 0
സംസ്ഥാനത്ത് കൂടുതൽ എ.ഐ സ്മാർട്ട് ഫെൻസുകൾ സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കൂടുതൽ എ.ഐ സ്മാർട്ട് ഫെൻസുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് എ.ഐ സ്മാർട്ട് ഫെൻസിംഗ് നടത്തുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു. 
 
കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് റേഞ്ചിലെ എൻ.എൽ.പി പ്രൈമറി സ്‌കൂളിനോട് ചേർന്ന് 400 മീറ്റർ നീളത്തിൽ എ.ഐ ഫെൻസിംഗ് നടത്തുന്നതിനാണ് കരാർ ഒപ്പുവെച്ചത്. 40 ലക്ഷം രൂപ ചെലവിലാണ് ഫെൻസ് നിർമ്മിക്കുക. കോതമംഗലം-തൊടുപുഴ വന വികസന ഏജൻസിക്കാണ് നിർമ്മാണ ചുമതല നൽകുന്നത്. ആറുമാസത്തിനുള്ളിൽ ഫെൻസിംഗ് പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ.
 
കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ.തലവൻ സമ്പത്ത്കുമാർ പി.എൻ, കോതമംഗലം-തൊടുപുഴ വന വികസന ഏജൻസി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോൺമാത്യു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
 
വയനാട്ടിലെ ചേലക്കൊല്ലി വന മേഖലയിൽ എലി ഫെൻസിംഗ് എന്ന പേരിൽ സ്ഥാപിച്ച എ.ഐ സ്മാർട്ട് ഫെൻസ് വിജയകരമായി ഒരു വർഷം പൂർത്തീകരിച്ചതായും ഇതുപോലുള്ള കൂടുതൽ എ.ഐ സ്മാർട്ട് ഫെൻസുകൾ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow