ഷിംല: ഹിമാചൽ പ്രദേശില്‍ മിന്നൽ പ്രളയം. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ഹോജിസ് ലുങ്പ നാല നദിയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ഹിമാചലിലെ കുളു, ഷിംല, ലാഹോള്‍ സ്പിതി എന്നീ ജില്ലകളിലാണ് കനത്ത നാശ നഷ്ടം ഉണ്ടായിരിക്കുന്നത്.
കുളു ജില്ലയിലെ നിര്‍മന്ദ് സബ് ഡിവിഷനിലെ ബാഗിപുല്‍ ബസാര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഷിംല ജില്ലയിലെ ഗാൻവി, നന്ദി എന്നീ നദികൾ കരകവിഞ്ഞൊഴുകി. മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്.
സൈന്യത്തിന്‍റെ നേതൃത്വത്തിൽ എച്ച്‌എഡിആർ സംഘത്തിന്‍റെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഡൽഹിയിലും കനത്ത മഴയിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശ്രീഖണ്ഡ് മഹാദേവ് പര്‍വതനിരകളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
300 ലധികം റോഡുകൾ അടച്ചു. നിരവധി പാലങ്ങളാണ് ഒലിച്ചുപോയത്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഋഷി ഡോഗ്രി താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി.
കഴിഞ്ഞ ദിവസം വൈകുന്നേരം കുളു ജില്ലയിലെ ബതാഹര്‍ ഗ്രാമത്തിലെ വെള്ളപ്പൊക്കത്തില്‍ നാല് കോട്ടേജുകളും കൃഷിയിടങ്ങളും നശിച്ചു. കൂടാതെ വെള്ളപ്പൊക്കത്തില്‍ മൂന്ന് വാഹനങ്ങള്‍ ഒലിച്ചുപോയി. നിലവിൽ 6 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.