പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം തടയുന്നതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെട്ടതോടെയാണ് രാഹുലിനെ ബലംപ്രയോഗിച്ച് നീക്കിയത്. ഇതിനിടെ ഉണ്ടായ പിടിവലിക്കിടെ രാഹുൽ ഗാന്ധി നിലത്തുവീണതായും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ ഉൾപ്പെടെ നിരവധി പ്രതിപക്ഷ എംപിമാരെയും പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ സുരക്ഷാ വളയം മറികടക്കുന്നതിൽ നിന്ന് തടയുന്നതിനിടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു. അഖിലേഷ് യാദവിനെ പ്രതിഷേധ സ്ഥലത്ത് നിന്ന് മാറ്റാൻ പൊലീസും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
What's Your Reaction?



