ശബരിമല സ്വർണക്കൊള്ള കേസ്: നിർണായക ശാസ്ത്രീയ റിപ്പോർട്ട് എസ്‌ഐടിക്ക്, കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് എസ്‌ഐടിക്ക് ലഭിച്ചു. സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയ കട്ടിളപ്പാളികൾ മാറ്റിസ്ഥാപിച്ചിട്ടില്ലെന്നാണ് ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറി (NML) സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ദ്വാരപാലക ശിൽപ്പപാളിയിലും കട്ടിളപ്പാളികളിലും നിന്ന് ശേഖരിച്ച 36 സാമ്പിളുകളാണ് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നത്. വിശദമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന നിഗമനത്തിൽ ലാബ് എത്തിയത്.
എക്‌സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപി (XRF), ഇൻഡക്ടീവ്‌ലി കപ്പിള്‍ഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി (ICP-MS), ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപി (OES) തുടങ്ങിയ അത്യാധുനിക പരിശോധനാ രീതികളാണ് റിപ്പോർട്ട് തയ്യാറാക്കാൻ ഉപയോഗിച്ചത്.
നാഷനൽ മെറ്റലർജിക്കൽ ലാബിന്റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്‌ഐടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണത്തിന്റെ ഭാഗമായി കേസിലെ കുറ്റപത്രങ്ങളും വൈകാതെ ഫയൽ ചെയ്യുമെന്നും സൂചനയുണ്ട്.
What's Your Reaction?



