കൂട്ടപരോള്‍ ചര്‍ച്ചകള്‍ക്കിടെ നടപടി; പെരിയ കേസിലെ നാല് പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചതായി വിവരം

May 30, 2026 - 11:55
May 30, 2026 - 11:55
 0
കൂട്ടപരോള്‍ ചര്‍ച്ചകള്‍ക്കിടെ നടപടി; പെരിയ കേസിലെ നാല് പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചതായി വിവരം

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപരോൾ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോൾ തടഞ്ഞതായി സൂചന. പരോൾ അനുവദിച്ചിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവരെ ജയിലിൽ നിന്ന് പുറത്തിറക്കിയില്ലെന്നാണ് വിവരം. കേസിൽ ആകെ പത്ത് പ്രതികൾക്കാണ് ഒരുമിച്ച് പരോൾ ലഭിച്ചിരുന്നത്. ഇതിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പേർ മേയ് 18-നും, മറ്റൊരു പ്രതി മേയ് 20-നും ജയിലിന് പുറത്തിറങ്ങിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് ബാക്കി നാല് പേരുടെ പരോൾ തടയാൻ അധികൃതർ നിർബന്ധിതരായത്.

പ്രതികളുടെ കൂട്ടപരോളിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരോൾ അനുവദിക്കുന്നതിന് മുൻപായി ജില്ലാ പ്രൊബേഷൻ ഓഫീസറുടെയോ ലോക്കൽ പൊലീസിന്റെയോ റിപ്പോർട്ട് തേടിയിരുന്നില്ല. കൂടാതെ, പ്രതികൾ പുറത്തിറങ്ങുന്നത് മൂലമുണ്ടാകുന്ന പ്രാദേശിക ക്രമസമാധാന പ്രശ്നങ്ങളും പരിശോധിക്കപ്പെട്ടില്ലെന്നാണ് കണ്ടെത്തൽ.

2019 ഫെബ്രുവരി 17-നായിരുന്നു കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം നടന്നത്. കാസർകോട് കല്യോട്ട് കൂരാങ്കര റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും (23) കൃപേഷിനെയും (19) പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്കൊടുവിൽ, പീതാംബരൻ ഉൾപ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ ഇവർ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് പത്ത് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.


What's Your Reaction?

like

dislike

love

funny

angry

sad

wow