ആദ്യമായി സഭാസമ്മേളനത്തിൽ ‘വന്ദേമാതരം’; മുഴുവൻ ആലപിക്കാതെ സമ്മേളനത്തിന് തുടക്കമായി

May 29, 2026 - 18:38
May 29, 2026 - 18:38
 0
ആദ്യമായി സഭാസമ്മേളനത്തിൽ ‘വന്ദേമാതരം’; മുഴുവൻ ആലപിക്കാതെ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടക്കമിട്ടു. വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമായതിനാല്‍ തന്നെ രാഷ്ട്രീയപരമായും ഭരണപരമായും ഏറെ പ്രാധാന്യമുള്ള സമ്മേളനമായിരുന്നു ഇത്. ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് സഭയിലേക്ക് സ്വീകരിച്ചു.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ‘വന്ദേമാതരം’ ആലപിച്ചുകൊണ്ട് സഭാ നടപടികള്‍ക്ക് തുടക്കമാകുന്നത്. എന്നാല്‍ ഗാനത്തിന്റെ പൂര്‍ണരൂപം അവതരിപ്പിക്കാതെ ആദ്യ ഭാഗത്തിന്റെ സംഗീതാവിഷ്‌കാരത്തിലേക്ക് മാത്രം ചടങ്ങ് പരിമിതപ്പെട്ടു. പൊലീസ് ബാന്‍ഡാണ് സംഗീതം അവതരിപ്പിച്ചത്. ലോക്‌ഭവന്റെ ഭാഗത്തുനിന്ന് വന്ദേമാതരം പൂര്‍ണമായി അവതരിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പൂര്‍ണ ആലാപനം ഒഴിവാക്കണമെന്ന നിലപാട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് സ്പീക്കറിലേക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നവകേരള നിര്‍മാണം, സുതാര്യ ഭരണസംവിധാനം, അഴിമതിരഹിത പ്രവര്‍ത്തനം, മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയെ വലിയ വെല്ലുവിളിയായി ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍, സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കാന്‍ ധവളപത്രം പുറത്തിറക്കുമെന്നും അറിയിച്ചു.

പ്രതിസന്ധികള്‍ക്കിടയിലും പൊതുസേവന മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നും കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചുള്ള വികസന നയമാണ് പിന്തുടരുകയെന്നും പ്രസംഗത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പദ്ധതികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയ സര്‍ക്കാര്‍, വയോജന വകുപ്പ് രൂപീകരണം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനിച്ച കാര്യം ആവര്‍ത്തിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ധന, എക്‌സൈസ് നയപരിഷ്‌കാരം, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, സമഗ്ര ഗതാഗത ശൃംഖല വികസനം തുടങ്ങിയ പ്രഖ്യാപനങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് അറിയിച്ചു.

കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ശാസ്ത്രീയ മണ്ണ് പരിശോധന സംവിധാനം, സുഗന്ധവ്യഞ്ജന പാര്‍ക്കുകള്‍, പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നിവ നടപ്പാക്കും. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് രൂക്ഷമാകുന്ന മനുഷ്യ-മൃഗ സംഘര്‍ഷ മേഖലകളില്‍ പ്രത്യേക ഇടപെടലുകളും ഉറപ്പുനല്‍കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow