മന്ത്രിസഭാ രൂപീകരണം: ലീഗിൽ അഞ്ചാം മന്ത്രിയ്ക്കായി വടംവലി; കോണ്‍ഗ്രസ് ഫോർമുലയിൽ കുരുങ്ങി യുഡിഎഫ്
മലപ്പുറം | 14 മെയ്, 2026
യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി മുന്നണിയിൽ അനിശ്ചിതത്വം തുടരുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുമ്പോഴും, അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന നിലപാടിലാണ് കോൺഗ്രസ്. ഈ ഫോർമുല നടപ്പിലായാൽ നാല് മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവിയുമായി ലീഗിന് തൃപ്തിപ്പെടേണ്ടി വരും.
ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മൂന്ന് തവണ എംഎൽഎയായ പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവരാണ് പട്ടികയിലെ മുൻനിരക്കാർ. യുവപ്രാതിനിധ്യവും പാലക്കാട് ജില്ലയ്ക്കുള്ള പരിഗണനയും കണക്കിലെടുത്ത് എൻ. ഷംസുദ്ദീനും സാധ്യതയുണ്ട്. അഞ്ചാമതൊരു മന്ത്രിസ്ഥാനം കൂടി ലഭിക്കുകയാണെങ്കിൽ കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫിനെ പരിഗണിച്ചേക്കും. എന്നാൽ കോഴിക്കോട് ജില്ലയ്ക്ക് പ്രാധാന്യം വേണമെന്ന ആവശ്യമുയർന്നാൽ പാറക്കൽ അബ്ദുള്ളയോ റസാഖ് മാസ്റ്ററോ പട്ടികയിൽ ഇടംപിടിച്ചേക്കും.
മുഖ്യമന്ത്രി പദമടക്കം 13 സ്ഥാനങ്ങളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഏഴ് സീറ്റുകളിൽ ജയിച്ച ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്ന് മാത്രമേ നൽകാൻ സാധ്യതയുള്ളൂ. ആർഎസ്പിയും ഒരു സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സി.പി. ജോൺ, ജേക്കബ് വിഭാഗം, ആർഎംപി എന്നിവരെക്കൂടാതെ സിപിഎം വിട്ടെത്തിയ ജി. സുധാകരൻ എന്നിവരെയെല്ലാം എങ്ങനെ മന്ത്രിസഭയിൽ ഉൾക്കൊള്ളുമെന്നത് മുന്നണിയിൽ വലിയ വെല്ലുവിളിയാണ്. ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?



