ഡൽഹിയിൽ വൻ മാറ്റം; സർക്കാർ ജീവനക്കാർക്ക് ഇനി വീട്ടിലിരുന്ന് ജോലി, കൂടെ ശമ്പള വർദ്ധനവും!
ഇന്ധന സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വിപ്ലവകരമായ നടപടികളുമായി ഡൽഹി സർക്കാർ. മുഖ്യമന്ത്രി രേഖാ ഗുപ്ത പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക് ഫ്രം ഹോം അനുവദിച്ചു. വാഹന ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പരിഷ്കാരങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
മാതൃക കാട്ടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വാഹനവ്യൂഹം നാലായി പരിമിതപ്പെടുത്തി. ഇതിൽ രണ്ട് വാഹനങ്ങൾ ഇലക്ട്രിക് ആണ് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, എല്ലാ തിങ്കളാഴ്ചയും 'മൺഡേ മെട്രോ' ആയി ആചരിക്കാനും തീരുമാനിച്ചു. അന്നേ ദിവസം മന്ത്രിമാരും ഉദ്യോഗസ്ഥരും നിർബന്ധമായും മെട്രോയിൽ യാത്ര ചെയ്യണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
സാമ്പത്തിക അച്ചടക്കവും പരിസ്ഥിതി സൗഹൃദ നടപടികളും ഉറപ്പാക്കാൻ അടുത്ത ആറ് മാസത്തേക്ക് സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങില്ല. ജീവനക്കാരുടെ ഗതാഗത അലവൻസ് 10% വർദ്ധിപ്പിക്കാനും ഒരു വർഷത്തേക്ക് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വിദേശയാത്രകൾ റദ്ദാക്കാനും തീരുമാനമായി. ഓഫീസുകളിലെ എസി താപനില 24-26 ഡിഗ്രി സെൽഷ്യസായി നിജപ്പെടുത്തുന്നതിനൊപ്പം വൈദ്യുതി പാഴാകുന്നത് തടയാൻ മാസ്റ്റർ സ്വിച്ചുകളും സ്ഥാപിക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ പൗരന്മാർ ഒത്തൊരുമിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനുള്ള ഡൽഹിയുടെ പിന്തുണയായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്.
What's Your Reaction?



