ഉഴവൂരിൽ നായാട്ടിനിടെ അപകടം: സ്കൂട്ടർ മറിഞ്ഞ് അബദ്ധത്തിൽ തോക്ക് പൊട്ടി അഭിഭാഷകൻ മരിച്ചു
ലൈസൻസുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ള ജോബി, തിങ്കളാഴ്ച രാത്രിയും നിറച്ച തോക്കുമായി സ്കൂട്ടറിൽ പുറപ്പെടുകയായിരുന്നു
ഉഴവൂർ: നായാട്ടിനായി പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് അബദ്ധത്തിൽ തോക്ക് പൊട്ടി വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് തിങ്കളാഴ്ച രാത്രി ഒൻപതരയോടെ മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് നീരുരൂട്ടി ഭാഗത്തെ പോക്കറ്റ് റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ലൈസൻസുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ള ജോബി, തിങ്കളാഴ്ച രാത്രിയും നിറച്ച തോക്കുമായി സ്കൂട്ടറിൽ പുറപ്പെടുകയായിരുന്നു. പയസ്മൗണ്ട് ഭാഗത്തെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ ആഘാതത്തിൽ തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ ചെവിയുടെ വശത്തിലൂടെ തലയിൽ തുളച്ചുകയറുകയും ചെയ്തു.
സ്കൂട്ടർ മറിയുന്ന ശബ്ദവും വെടിയൊച്ചയും കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ജോബിയെ വഴിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വെടിയേറ്റ ഉടൻ തന്നെ മരണം സംഭവിച്ചതായാണ് കുറവിലങ്ങാട് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
What's Your Reaction?