തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി. കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിലാണ് കോടതി നടപടി. കൊല്ലം വിജിലന്‍സ് കോടതിയാണ് അനുമതി നൽകിയത്.
മുന്നെ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി ഈമാസം 19 ലേക്ക് മാറ്റി.
കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് എസ്ഐടി മുന്നോട്ടുവെച്ചതോടെയാണ് ഈ തീരുമാനം കോടതി കൈകൊണ്ടത്. എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യഅപേക്ഷയിൽ കോടതി തീർപ്പ് കൽപ്പിക്കുക.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകി. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് പത്മകുറിനെ റിമാന്‍ഡ് ചെയ്യാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു.