പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
കേസിൽ അജിൻ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത(19)യെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലാണ് വിധി.
2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽ വെച്ചായിരുന്നു ആക്രമണം.
കവിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം അജിൻ തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തില്‍ അധികം പൊള്ളലേറ്റ പെണ്‍കുട്ടി, രണ്ടുനാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. കവിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അജിന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.