ആറുമാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം: അമ്മൂമ്മ റോസിലി ആശുപത്രിയിൽ അറസ്റ്റിൽ 

ഇന്ന് രാവിലെയാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോസിലിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്

Nov 6, 2025 - 13:45
Nov 6, 2025 - 13:46
 0
ആറുമാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം: അമ്മൂമ്മ റോസിലി ആശുപത്രിയിൽ അറസ്റ്റിൽ 

കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറ് മാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലി (66) അറസ്റ്റിൽ. കൊലപാതക കാരണം മാനസിക വിഭ്രാന്തിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റേത് കൊലപാതകമാണെന്ന് ഇന്നലെ തന്നെ പോലീസ് സ്ഥിരീകരിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോസിലിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം നേരിടുന്ന റോസിലിയെ കോടതിയിൽ ഹാജരാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആരോഗ്യനില മോശമായി തുടരുകയാണെങ്കിൽ, ഇവരെ ആശുപത്രിയിൽ തന്നെ പോലീസ് നിരീക്ഷണത്തിൽ വെച്ചേക്കും.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം വൈകിട്ട് നാല് മണിയോടെ എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ചെല്ലാനം ആറാട്ടുപുഴക്കടവിലെ ആന്റണിയുടെയും എടക്കുന്നത്തെ റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡൽന മരിയ സാറ. കുഞ്ഞിന്റെ ജ്യേഷ്ഠൻ ഡാനിയേലിന്റെ നാലാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. ഈ ആഘോഷങ്ങൾക്കായി കുടുംബം ഒരുങ്ങുന്നതിനിടയിലാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്.

മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുൻപാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഈ കാലയളവിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്ക് ശേഷം ചെല്ലാനത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് ഈ ദുരന്തം.

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന റോസിലി ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം റോസിലിയുടെ അടുത്ത് കിടത്തി റൂത്ത് ഭക്ഷണമെടുക്കാനായി അകത്തേക്ക് പോയിരുന്നു. തിരിച്ചു വന്നപ്പോൾ കുഞ്ഞ് രക്തത്തിൽ കുളിച്ച നിലയിൽ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോസിലി തന്നെയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലേക്ക് പോലീസ് ഇന്നലെ വൈകുന്നേരം തന്നെ എത്തിച്ചേർന്നിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow