നെടുങ്കണ്ടത്ത് കുടുംബതർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്തുക്കൾക്കും പരിക്ക്
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ തൂക്കുപാലം പുതിയ പാലത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്ത് കുടുംബപ്രശ്നത്തെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. അമ്പതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രതീഷിന്റെ പിതൃസഹോദര പുത്രനായ അനൂപ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ തൂക്കുപാലം പുതിയ പാലത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണം തടയാൻ ശ്രമിച്ച രതീഷിന്റെ സുഹൃത്തുക്കളായ സച്ചു ബാബു (26), സനൽ (40) എന്നിവർക്കും കുത്തേറ്റു. ഇവർ ചികിത്സയിലാണ്.
കൊല്ലപ്പെട്ട രതീഷും പ്രതി അനൂപും തമ്മിൽ നേരത്തെ തന്നെ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. വയറിങ് തൊഴിലാളിയായ അനൂപ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ, രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.
വയറിന് ഗുരുതരമായി പരിക്കേറ്റ രതീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതി അനൂപിനെ നെടുങ്കണ്ടം പൊലീസ് പിടികൂടി. രതീഷിന്റെ മൃതദേഹം നിലവിൽ നെടുങ്കണ്ടം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ സുഹൃത്തുക്കൾ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.
What's Your Reaction?