മനുഷ്യാവകാശ പ്രവർത്തകനും ചിന്തകനുമായ വി.ബി. അജയകുമാർ അന്തരിച്ചു
ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ പൊതുദർശനം. സംസ്ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ

തിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി.ബി. അജയകുമാർ (48) അന്തരിച്ചു. ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന എൻ.ജി.ഒ.യുടെ സ്ഥാപകനായിരുന്നു. അലയൻസ് ഫോർ ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്യൂണിറ്റീസ് എന്ന എൻ.ജി.ഒ.യുടെ ഗ്ലോബൽ കൺവീനർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിൽ പൊതുദർശനം. സംസ്ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ.
ഇതര മനുഷ്യ-ദളിതാവകാശ പ്രവർത്തനങ്ങളിൽ നിന്നും വിഭിന്നമായി ഭരണകൂടത്തിന്റെ വ്യവസ്ഥിതിയുടെ ആദിവാസി ദളിത് വിഭാഗങ്ങളോടുള്ള വിവേചനത്തിനെതിരെ, അവകാശ നിഷേധങ്ങൾക്കെതിരെയുള്ള സമരങ്ങളുടെ നേതൃസ്ഥാനത്ത് നിൽക്കുക മാത്രമല്ല, വിഭവാധികാരങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തിന് വിഭവങ്ങൾ സമാഹരിച്ചു നൽകികൊണ്ട് പ്രതിസന്ധി ഘട്ടങ്ങളിൽ അതിന് പരിഹാരം കാണാനുള്ള പ്രായോഗിക രീതികൾ അവലംബിക്കുന്ന ഒരു സമീപനമാണ് അജയൻ സ്വീകരിച്ചിരുന്നത്.
പ്രളയകാലത്ത്, കവളപ്പാറയിലും, ഇതര പ്രദേശങ്ങളിലും ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും വിഭവങ്ങൾ സമാഹരിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കുക, കുട്ടികളുടെ ഇമോഷണൽ ട്രോമ അഡ്രസ്സ് ചെയ്യാനായിട്ട് കളിപ്പാട്ടവും മറ്റും ശേഖരിച്ച് വിതരണം ചെയ്യുന്ന വളരെ ദീർഘവീക്ഷണമുള്ള സന്നദ്ധ പ്രവർത്തനമാണ് അജയൻ്റെ നേതൃത്വത്തിൽ റൈറ്റ്സ് നടത്തിയത്.
കോവിഡ് കാലഘട്ടത്തിൽ കേരളത്തിലെ ദളിത് ആദിവാസി വിദ്യാർത്ഥികൾ അക്ഷരാർത്ഥത്തിൽ തന്നെ ക്ലാസ്റൂമിന് പുറത്തായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ മാത്രം അദ്ധ്യയനം നടന്ന കാലയളവുകളിൽ റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോണുകളും ടെലിവിഷനുകളും ഗാഡ്ജറ്റ്സുകളും റൂട്ടറുകളും സമാഹരിച്ച് ആദിവാസി മേഖലകളിൽ എത്തിച്ചു കുട്ടികൾക്ക് അദ്ധ്യയനം നഷ്ടമാകാതിരിക്കാനുള്ള നടപടികൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
ഭരണകൂടം ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാതിരിക്കുമ്പോൾ അവയോട് ജനാധിപത്യപരമായി കലഹിക്കുമ്പോൾ തന്നെ, പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് തന്റെ സംഘാടന മികവിൻ്റെയും, ദീർഘവീക്ഷണത്തിന്റെയും, നേതൃപാടവത്തിന്റെയും, സർവ്വോപരി ഉന്നതമായ മനുഷ്യസ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ വിഭവസമാഹരണം നടത്തി അത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ നിരന്തരം മുന്നിട്ടിറങ്ങുന്ന വ്യക്തിയായിരുന്നു അ്ദേഹം.
എ.ഐ.എസ്.എഫിലൂടെ, സി.പി.ഐയിലൂടെ, നർമ്മദ ബചാവോ ആന്തോളനടക്കമുള്ള നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഭാഗമായി, അംബേദ്കറിസത്തിലേക്ക് എത്തിച്ചേർന്ന അജയൻ ബഹുമുഖ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു.
What's Your Reaction?






