സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് നവാസിനോട് ഡോക്ടര്‍, പിറ്റേന്നത്തേക്ക് മാറ്റി, പിന്നാലെ മരണം

നെഞ്ചെരിച്ചിൽ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോൺ ചെയ്ത് അറിയിച്ചിരുന്നു

Aug 3, 2025 - 10:37
Aug 3, 2025 - 10:38
 0  15
സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് നവാസിനോട് ഡോക്ടര്‍, പിറ്റേന്നത്തേക്ക് മാറ്റി, പിന്നാലെ മരണം

ആലുവ: ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി അന്തരിച്ച നടൻ കലാഭവൻ നവാസിന് അന്ന് രാവിലെ നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടിരുന്നു. എന്നാല്‍, അഭിനയത്തോടുള്ള ആത്മാർഥത മൂലം ആശുപത്രിയിൽ പോകുന്നത് ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു.

അവസാനം അഭിനയിച്ച ‘പ്രകമ്പനം’ എന്ന സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതൽ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. നെഞ്ചെരിച്ചിൽ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോൺ ചെയ്ത് അറിയിച്ചിരുന്നു. കുടുംബ ഡോക്ടർ അഹമ്മദ് കാരോത്തുകുഴിയുമായി ഉടൻ ബന്ധപ്പെടാൻ അദ്ദേഹം നിർദേശിച്ചു.

അതനുസരിച്ച് രാവിലെ 6.57നു നവാസ്, ഡോ. അഹമ്മദിനെ ഫോണിൽ വിളിച്ചു. ഗ്യാസിന്റെ പ്രശ്നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചിൽ അല്ലെന്നും ഉടൻ ഏതെങ്കിലും ആശുപത്രിയിൽ എത്തണമെന്നും പറഞ്ഞു. ഇ.സി.ജി. എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് തടസപ്പെടേണ്ടന്ന് കരുതിയാകാം നവാസ് രണ്ടും ചെയ്തില്ല.

അന്നു വീട്ടിലേക്കു മടങ്ങുന്നതിനാൽ പിറ്റേന്ന് ഡോക്ടറെ കാണാമെന്നു കരുതിയതുമാകാം. പകൽ ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ വച്ചാണു ഹൃദയാഘാതം ഉണ്ടായത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് മൂവിയായ പ്രകമ്പനത്തിൽ രാഷ്ട്രീയ നേതാവിന്റെ റോളായിരുന്നു നവാസിന്.

What's Your Reaction?

like

dislike

love

funny

angry

sad

wow