കൊച്ചി: സ്വർണക്കടത്ത് കേസിൽ സർക്കാരിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും കസ്റ്റംസിനും എതിരായ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സ്റ്റേ തുടരും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി.
ഇതോടെ ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് സ്റ്റേ തുടരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം.
ഇഡിക്കെതിരേ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാന്‍ അധികാരമില്ലെന്നും ഈ കമ്മീഷനെ നിശ്ചയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അധികാരദുര്‍വിനിയോഗമാണെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്.
എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ജസ്റ്റിസുമാരായ എസ് എ അധികാരി, വിഎം ശ്യാം കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.