കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്.
റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് കെ പി ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. കേസിൽ അറസ്റ്റിലായി 43ആം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയത്.
ദ്വാരപാല ശില്‍പ കേസില്‍ മാത്രമാണ് ശ്രീകുമാറിനെ പ്രതിയാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൂര്‍ണമായും സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. താന്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നാണ് ശ്രീകുമാറിന്റെ വാദം.