തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ അറിയിച്ചു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതിൽ സ്പീക്കർക്ക് റോളില്ല.
വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും എ എൻ ഷംസീർ പറഞ്ഞു.
മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാംപിലെത്തിക്കുകയായിരുന്നു. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.