ഹാപ്പിലാന്‍ഡ് അപകടത്തിൽ വിശദ പരിശോധന ആരംഭിച്ച് പോലിസ് , ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കും
തിരുവനന്തപുരം: ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ സമഗ്ര അന്വേഷണം ശക്തമാക്കി പോലിസ് . അപകടത്തിന്റെ കാരണം, സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡ ലംഘനം എന്നിവ ഉള്‍പ്പെടെ വിവിധ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാട്ടുകാര്‍ ഉയര്‍ത്തിയ പരാതികളും വിശദമായി പരിശോധിക്കും.
പാര്‍ക്ക് ഉടമ നിലവില്‍ വിദേശത്തുള്ളതിനാല്‍ അദ്ദേഹത്തെ ബന്ധപ്പെടാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംഭവത്തില്‍ പാര്‍ക്ക് ഉടമയേയും സൂപ്പര്‍വൈസറെയും പ്രതിചേര്‍ത്ത് വെഞ്ഞാറമ്മൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ റൈഡിലുണ്ടായിരുന്നതായി പോലിസ് അ റിയിച്ചു. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാഗര്‍കോവില്‍ സ്വദേശികളായ അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ പാര്‍ക്കിലെ സുരക്ഷാ വീഴ്ചകളെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപണവും അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പരാതിയും നാട്ടുകാര്‍ ഉന്നയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ വ്യാപക പരിശോധന നടത്താന്‍ പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്.
What's Your Reaction?



