നയപ്രഖ്യാപന ദിനത്തില്‍ കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്
കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നതിനിടെ രാഷ്ട്രീയ വിവാദങ്ങളും ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും ചര്‍ച്ചയാകുന്നുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങള്‍ ശ്രദ്ധ നേടുന്നത്.
ഇ ഡി പരിശോധനയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇതുവരെ പ്രതികരിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്തിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി കടന്നുപോയ സംഭവങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വിഷയത്തില്‍ സിപിഐഎം ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പിണറായി വിജയനെതിരെ അന്വേഷണം നടക്കുമ്പോഴും അറസ്റ്റ് നടക്കാത്തതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യവും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്.
ഇതിനിടെയാണ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയില്‍ നടക്കുന്നത്. രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. സര്‍ക്കാരിന്റെ പുതിയ നയങ്ങളും വികസന പദ്ധതികളും ഉള്‍പ്പെടുന്ന പ്രസംഗത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടിക്ക് പ്രധാന്യം ലഭിക്കുമെന്നാണു സൂചന. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും പ്രസംഗത്തില്‍ ഉള്‍പ്പെടുമോയെന്ന കാര്യത്തിലും രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധ പുലര്‍ത്തുകയാണ്. നിയമസഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രി വി ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.
What's Your Reaction?



