വയോധികയെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ കേസ്; സമീപവാസി പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴ∙ ആറാട്ടുപുഴ കിഴക്കേക്കര സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സമീപവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശൻ (54) ആണ് പിടിയിലായത്.
ചോദ്യം ചെയ്യലിനിടെ താനൊറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി വിവരമുണ്ട്. എന്നാൽ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക എന്ന് തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.
തങ്കമ്മയുടെ മൃതദേഹം കല്ല് കെട്ടി കായലിൽ താഴ്ത്താൻ ഉപയോഗിച്ച കയറാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള കയർ പ്രതിയുടെ വീടിനുസമീപം കണ്ടതായി അയൽവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. ഇടയ്ക്കിടെ മത്സ്യബന്ധനത്തിന് പോകാറുള്ള ആളാണ് പ്രകാശനെന്നും നാട്ടുകാർ പറഞ്ഞു.
ഇതിന് പിന്നാലെ പ്രകാശനെ പൊലീസ് നിരീക്ഷണത്തിലാക്കി. പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടെത്തിയതോടെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നാണ് വിവരം.
സംഭവത്തിന്റെ പശ്ചാത്തലവും കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ് പൊലീസ്.
What's Your Reaction?



