ലൊക്കേഷൻ കാണാനെത്തിയ മോഡൽ പാറമടയിൽ മുങ്ങിമരിച്ചു; ഷൂട്ടിംഗിന് മുമ്പേ ദുരന്തം

May 28, 2026 - 21:43
May 28, 2026 - 21:44
 0
ലൊക്കേഷൻ കാണാനെത്തിയ മോഡൽ പാറമടയിൽ മുങ്ങിമരിച്ചു; ഷൂട്ടിംഗിന് മുമ്പേ ദുരന്തം

പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ഡൽഹി സ്വദേശിയായ യുവ മോഡൽ അപകടകരമായ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിവ്യാൻഷു ജോഷി (26) ആണ് മരിച്ചത്.

പെരുമ്പാവൂർ കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിലാണ് അപകടമുണ്ടായത്. ഡൽഹി ആസ്ഥാനമായ ഒരു വസ്ത്ര നിർമാണ കമ്പനിക്കായുള്ള പരസ്യ ചിത്രീകരണത്തിനായി നാലംഗ സംഘം കേരളത്തിലെത്തിയതായിരുന്നു. ചാലക്കുടിയിലെ ഒരു ഏജൻസിക്കായിരുന്നു ചിത്രീകരണ ചുമതല.

ഇന്ന് അവധിയായതിനാൽ ഷൂട്ടിംഗിനുള്ള അനുമതി നാളെ പഞ്ചായത്തിൽ നിന്ന് വാങ്ങാനിരിക്കെയായിരുന്നു സംഘം ലൊക്കേഷൻ പരിശോധിക്കാൻ പാറമടയിലെത്തിയത്. ഇതിനിടെ ദിവ്യാൻഷു വെള്ളത്തിലേക്ക് ഇറങ്ങുകയും കാൽവഴുതി ആഴത്തിലേക്ക് പതിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാൾ വിഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് മുങ്ങിപ്പോയതെന്നാണ് പൊലീസ് പറയുന്നത്.

വിവരം ലഭിച്ചതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. നൂറിലധികം അടി താഴ്ചയും പല തട്ടുകളുമുള്ള അപകടഭീഷണിയേറിയ പാറമടയിൽ പാതാളക്കരണ്ടി ഉപയോഗിച്ചായിരുന്നു തിരച്ചിൽ. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഏകദേശം 30 അടി താഴ്ചയിൽ നിന്നാണ് യുവാവിനെ പുറത്തെടുത്തത്.

തുടർന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇതേ പാറമടയിൽ മുമ്പും മുങ്ങിമരണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ പ്രദേശത്തേക്കുള്ള പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നതായി കോടനാട് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow