തിരുവനന്തപുരം അമ്യൂസ്‌മെന്റ് പാര്‍ക്കിൽ റൈഡ് പൊട്ടി വീണു; നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്തെ വെമ്പായത്ത് പ്രവർത്തിക്കുന്ന 'ഹാപ്പി ലാൻഡ്' അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണ് വൻ അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് തമിഴ്‌നാട് സ്വദേശികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. റൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കെ ഇതിന്റെ വെൽഡിങ് വേർപെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ പതിനഞ്ചോളം പേർ റൈഡിലുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നാലെ പാർക്കിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. കടുത്ത സുരക്ഷാവീഴ്ചയാണ് പാർക്കിൽ ഉണ്ടായിരിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. പല റൈഡുകളുടെയും ഭാഗങ്ങൾ തുരുമ്പെടുത്ത നിലയിലാണെന്നും ആക്ഷേപമുണ്ട്.
അപകടം നടന്ന് നാല് മണിക്കൂറോളമായിട്ടും കൃത്യമായ രക്ഷാപ്രവർത്തനം നടത്താനോ സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിക്കാനോ പാർക്ക് അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റവരെ പാർക്കിലെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഇത് മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയ്ക്ക് തെളിവാണെന്നും ജനങ്ങൾ പറഞ്ഞു. വൻ ജനരോഷം ഉയർന്നതിനെത്തുടർന്ന് ഹാപ്പി ലാൻഡിന്റെ പ്രവർത്തനം നിലവിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?



