അക്കൗണ്ട് തുറന്നെങ്കിലും ബിജെപിയിൽ അതൃപ്തി; എഫ്സിആർഎ വിവാദം തിരിച്ചടിയായെന്ന് രാജീവ് ചന്ദ്രശേഖർ
നിയമസഭയിൽ പൂജ്യത്തിൽ നിന്ന് മൂന്നിലേക്ക് അംഗബലം ഉയർത്തി അക്കൗണ്ട് തിരിച്ചുപിടിച്ചെങ്കിലും, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. എ ക്ലാസ് മണ്ഡലങ്ങളിൽ പോലും വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ കഴിയാത്തതും ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ നേരിട്ട തിരിച്ചടിയും പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന എഫ്സിആർഎ (FCRA) വിവാദം ക്രിസ്ത്യൻ സ്വാധീനമേഖലകളിൽ പാർട്ടിയെ കാര്യമായി പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ തുറന്നുസമ്മതിക്കുന്നു.
സിപിഎമ്മിനെതിരെയുള്ള ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമായി മാറിയതും ന്യൂനപക്ഷ ഏകീകരണവുമാണ് ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ട്വന്‍റി 20യുമായി സഖ്യത്തിലേർപ്പെടുകയും ബിജെപിക്ക് മേൽക്കൈയുള്ള സീറ്റുകൾ അവർക്കായി വിട്ടുനൽകുകയും ചെയ്തെങ്കിലും ഈ പരീക്ഷണം വോട്ടായി മാറിയില്ല എന്നത് നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാൽ ഈ തിരിച്ചടിയിലും ട്വന്‍റി 20യുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നും സഖ്യം തുടരുമെന്നുമാണ് പാർട്ടിയുടെയും ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബിന്റെയും നിലപാട്.
ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത് നേട്ടമായി കാണുമ്പോഴും, വോട്ടിംഗ് ശതമാനത്തിൽ കാര്യമായ വർദ്ധനവില്ലാത്തത് വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കാനാണ് ബിജെപിയുടെ തീരുമാനം. ഡീൽ ആരോപണങ്ങളും സഭാ നേതൃത്വങ്ങൾക്കിടയിൽ ഉയർന്ന ആശങ്കകളും പരിഹരിക്കുന്നതിൽ വന്ന വീഴ്ചകൾ വോട്ട് കുറയാൻ കാരണമായോ എന്നതടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിലെ അവലോകന യോഗങ്ങളിൽ ചർച്ചയാകും.
What's Your Reaction?