ലൈഫ് വഴി കിട്ടുന്ന വീട് കിട്ടിയാലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...

13 ലക്ഷം പേരാണ് സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി പട്ടികയിലുളളത്

Dec 22, 2024 - 20:08
Dec 31, 2024 - 18:57
 0  14
ലൈഫ് വഴി കിട്ടുന്ന വീട് കിട്ടിയാലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...

അടച്ചുറപ്പുള്ള വീട് സ്വന്തമാക്കണം എന്ന് ആഗ്രഹിക്കാത്തവരില്ല. കേരളത്തിലെ ഓരോ ജനങ്ങളുടെയും മനസറിഞ്ഞ് ഒപ്പം നില്‍ക്കാനാണ് എന്നും സര്‍ക്കാരിന്റെ ശ്രമം. ഇതിനായി സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയെ പ്രയോജനപ്പെടുത്താന്‍ അര്‍ഹരായവര്‍ ശ്രമിക്കേണ്ടതുണ്ട്. അതുവഴി പട്ടികയിലെത്തുന്നവര്‍ക്ക് വീട് വച്ച് നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്. ലൈഫ് ഭവന പദ്ധതി പട്ടികയിലെ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

13 ലക്ഷം പേരാണ് സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി പട്ടികയിലുളളത്. 5,31000 പേര്‍ വീടു പണിക്ക് കരാറിലേര്‍പ്പെട്ടു. 4,21,795 പേര്‍ വീട് പണി പൂര്‍ത്തിയാക്കി. ഇത്രയും പേര്‍ക്ക് അടച്ചുറപ്പുള്ള സുരക്ഷിത ഭവനം നല്‍കാന്‍ കഴിഞ്ഞു. 1,0,9000 വീടുകള്‍ നിര്‍മ്മാണ പുരോഗതിയിലാണ്. പട്ടികയില്‍ അവശേഷിക്കുന്ന മുഴുവനാളുകള്‍ക്കും വീട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. 8 ലക്ഷം പേര്‍ക്ക് കൂടി വീട് ലഭിക്കാനുണ്ടെന്ന് കെ. ബാബു എംഎല്‍ എ ചടങ്ങില്‍ ചൂണ്ടിക്കാട്ടിയ കാര്യം മന്ത്രി ഓര്‍മ്മിപ്പിച്ചു. 
ഭവന നിര്‍മ്മാണത്തിന് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നത് കേരളമാണ്. നാലുലക്ഷം രൂപയാണ് കേരളം നല്‍കുന്നത്. കേരളം കഴിഞ്ഞാല്‍ ഉയര്‍ന്ന തുക ആന്ധ്രപ്രദേശ് നല്‍കുന്ന ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ്. ഇതര സംസ്ഥാനങ്ങളില്‍ പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കേരളത്തിലെ വീടുകള്‍. ഈ വ്യത്യാസമുള്ളതുകൊണ്ടാണ് ഇവിടെ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നത്. 

ലൈഫ് പദ്ധതിയില്‍ 18,080 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇതില്‍ 2080 കോടി രൂപയാണ് കേന്ദ്ര വിഹിതം. 16000 കോടി രൂപ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കുന്നു. സംസ്ഥാന ബജറ്റ്, തദ്ദേശസ്ഥാപന വിഹിതം, ഹഡ്‌കോ വായ്പ എന്നിവയില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ലൈഫ് വീടുകളെ ബ്രാന്‍ഡ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം കേരളം എതിര്‍ത്തു. ഓരോ വീട്ടിലും അന്തസായി ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ലൈഫ് പദ്ധതി പ്രകാരം അതിദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 
 സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും വീടുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഭവന പദ്ധതിയാണ് ലൈഫ്. അടുത്ത മഴക്കാലത്തിന് മുമ്പ് അര്‍ഹരായവര്‍ക്ക് വീടുവച്ചു നല്‍കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.  

അതിനിടെ ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകള്‍ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള കാലാവധി 12 വര്‍ഷമാക്കി ഉയര്‍ത്തി. നിലവില്‍ ഏഴുവര്‍ഷമായിരുന്നു. ഗുണഭോക്താക്കള്‍ക്ക് സ്വന്തം നിലയില്‍ വീട് പണയപ്പെടുത്തി ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാമെന്നും ഉത്തരവിലുണ്ട്. മുമ്പ് വായ്പ എടുക്കണമെങ്കില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയില്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണമായിരുന്നു. ഇനി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ബാങ്കുകളെ സമീപിക്കാം.

കഴിഞ്ഞ ജൂലൈ ഒന്നു മുതലായിരുന്നു വീടുകള്‍ കൈമാറുന്നതിനുള്ള കാലാവധി ഏഴു വര്‍ഷമായി ചുരുക്കി ഉത്തരവിറക്കിയത്. അതിനു മുമ്പ് പത്തുവര്‍ഷവും പദ്ധതിയുടെ തുടക്കത്തില്‍ 12 വര്‍ഷവുമായിരുന്നു സമയപരിധി. ഏഴു വര്‍ഷമായി ചുരുങ്ങുന്നത് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യത്തെ ദോഷകരമായി ബാധിക്കും എന്ന് വിവിധ തലങ്ങളില്‍ നിന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow