മലപ്പുറം: ലഹരി വിരുദ്ധ ക‍്യാംപെയ്നിന്‍റെ ഭാഗമായി സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകനെ സസ്പെൻഡ് ചെയ്തു. വിസ്ഡം സംസ്ഥാന സെക്രട്ടറി കൂടിയായ ടി കെ അഷ്റഫിനെയാണ് എടത്തനാട്ടുകര ടിഎ എം സ്കൂൾ മാനേജ്മെൻറ് സസ്പെൻഡ് ചെയ്‌തത്.
വിദ്യഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ടി കെ അഷ്‌റഫ് നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്.
കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നത് വിദ‍്യാഭ‍്യാസം ലക്ഷ‍്യംവച്ചാണെന്നും ആൺ പെൺ കൂടിക്കലർന്ന് മ‍്യൂസിക്കിന്‍റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെ തുടർന്നാണ് അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് പാലക്കാട് ഉപ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.