ആറ്റുകാൽ പൊങ്കാല: മതസൗഹാർദ്ദത്തിന്റെ 'റിയൽ കേരള സ്റ്റോറി'യായി പാളയം; ഭക്തർക്ക് തണലൊരുക്കി പള്ളികൾ

കഠിനമായ ചൂടിൽ നിന്നും ഭക്തർക്ക് ആശ്വാസം പകരാൻ ഇത്തവണ വലിയ പന്തൽ തന്നെ പള്ളിക്ക് മുൻപിൽ ഒരുക്കിയിട്ടുണ്ട്

Mar 3, 2026 - 11:49
Mar 3, 2026 - 11:49
 0
ആറ്റുകാൽ പൊങ്കാല: മതസൗഹാർദ്ദത്തിന്റെ 'റിയൽ കേരള സ്റ്റോറി'യായി പാളയം; ഭക്തർക്ക് തണലൊരുക്കി പള്ളികൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി പാളയം ശ്രദ്ധേയമാകുന്നു. ക്ഷേത്രവും മോസ്കും ചർച്ചും തൊട്ടുരുമ്മി നിൽക്കുന്ന പാളയത്ത്, പൊങ്കാലയ്‌ക്കെത്തിയ ഭക്തർക്കായി ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും മികച്ച ആതിഥേയത്വം നൽകണമെന്ന പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയുടെ ആഹ്വാനം കേരളം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ആഹ്വാനം വെറും വാക്കിലൊതുക്കാതെ പ്രായോഗികമായി നടപ്പിലാക്കുകയാണ് ഇത്തവണയും പാളയം മുസ്ലിം ജമാഅത്ത്.

കഠിനമായ ചൂടിൽ നിന്നും ഭക്തർക്ക് ആശ്വാസം പകരാൻ ഇത്തവണ വലിയ പന്തൽ തന്നെ പള്ളിക്ക് മുൻപിൽ ഒരുക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമായി പ്രത്യേക സംവിധാനങ്ങൾ പള്ളിക്കുള്ളിൽ ഒരുക്കി.

പള്ളിക്ക് സമീപം അടുപ്പുകൂട്ടി കാത്തിരിക്കുന്നവർക്കായി നോമ്പുകഞ്ഞി, ചായ, ലഘുഭക്ഷണം എന്നിവയ്ക്ക് പുറമെ 24 മണിക്കൂറും ശുദ്ധജലവും വിതരണം ചെയ്യുന്നു. തൊട്ടടുത്തുള്ള സെന്റ് ജോസഫ് പള്ളിയിലും ഭക്തർക്കായി വിപുലമായ വിശ്രമ സൗകര്യങ്ങളും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്നതിനായി പാളയത്തെ വിവിധ കൂട്ടായ്മകൾ കൈകോർത്തു.

പാളയത്തിന് പുറമെ നഗരത്തിലുടനീളം വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ മോര്, പഴങ്ങൾ, ജ്യൂസ്, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്തു വരുന്നു. ജാതിമത ഭേദമന്യേ നഗരം ഒരു വലിയ കുടുംബമായി മാറുന്ന കാഴ്ചയാണ് ആറ്റുകാൽ പൊങ്കാല സമ്മാനിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow