ദുബായിലെ മലയാളികളും വെട്ടിലായി; ഹോർമുസ് അടച്ച ഇറാൻറെ നടപടി കേരളത്തിനും അപകടം

Mar 3, 2026 - 11:50
Mar 3, 2026 - 11:50
 0
ദുബായിലെ മലയാളികളും വെട്ടിലായി; ഹോർമുസ് അടച്ച ഇറാൻറെ നടപടി കേരളത്തിനും അപകടം

കൊച്ചി ∙ മധ്യേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതു കേരളത്തിൽ നിന്നുള്ള കയറ്റുമതിയെ ഗുരുതരമായി ബാധിച്ചേക്കും.

കേരളത്തിൽ നിന്നു കടൽ മാർഗമുള്ള കയറ്റുമതിയുടെ ഏകദേശം 30% ഗൾഫ് മേഖലയിലേക്കാണ്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പൊറോട്ട പോലുള്ള ഭക്ഷ്യ വിഭവങ്ങളും മുതൽ സമുദ്രോൽപന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വരെ ഒട്ടേറെ ഉൽപന്നങ്ങളാണു കേരളത്തിൽ നിന്നു ഗൾഫ് മേഖലയിലേക്കു കപ്പൽ കയറുന്നത്. 

യുദ്ധം മേഖലയെ ഒന്നാകെ ബാധിച്ചതോടെ അവിടേക്കു കപ്പലുകൾ സർവീസ് നടത്തുന്നില്ല. ചരക്ക് അയയ്ക്കാൻ കഴിയാതെ സമ്മർദത്തിലാണു കയറ്റുമതി വ്യവസായികൾ. ഉയർന്ന ഷിപ്പിങ് നിരക്കുകളാണു പെട്ടെന്നുണ്ടാകുന്ന അധികച്ചെലവ്. സുരക്ഷാഭീഷണി കാരണം കപ്പലുകളുടെ ഇൻഷുറൻസ് നിരക്കുകൾ വർധിക്കും. സ്വാഭാവികമായും അതു ചരക്കുനീക്കത്തിന്റെ ചെലവും കൂട്ടും. ചരക്കു കപ്പലുകൾ വഴിതിരിച്ചു വിടേണ്ടിവരുന്നതു ചരക്കു ലഭ്യത വൈകാനും ഇടയാക്കും. 

ദുബായിലെ ഷിപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നൂറുകണക്കിനു മലയാളികളാണു ജോലി ചെയ്യുന്നത്. സ്വന്തമായി ഷിപ്പിങ് ലൈനുകളില്ലെങ്കിലും കണ്ടെയ്നർ സർവീസ് നടത്തുന്ന ‘നോൺ വെസൽ ഓപ്പറേറ്റിങ് കോമൺ കാരിയേഴ്സ്’ (എൻവിഒസിസി) കമ്പനികളും ദുബായിൽ ഏറെയുണ്ട്. ഇവയിൽ 90 ശതമാനവും മലയാളി സംരംഭങ്ങളാണ്. അവയുടെ വരുമാനത്തെ ഇപ്പോഴത്തെ സ്തംഭനാവസ്ഥ ബാധിക്കും. തൽക്കാലം പ്രതിസന്ധി മറികടക്കാൻ ചെലവു കുറയ്ക്കുകയെന്ന വഴിയാണു ഷിപ്പിങ്, അനുബന്ധ കമ്പനികൾ സ്വീകരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഷിപ്പിങ് കമ്പനികൾ പുതിയ നിയമനങ്ങളെല്ലാം മരവിപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള കയറ്റുമതിയുടെ പ്രധാന സമുദ്ര കവാടമായ കൊച്ചി തുറമുഖത്തെയും ഗൾഫ് യുദ്ധം ദോഷകരമായി ബാധിക്കും. ഒട്ടേറെ മിഡിൽ ഈസ്റ്റ് കമ്പനികളുടെ ബാക്ക് ഓഫിസ് പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്. കയറ്റിറക്കുമതി സ്‌തംഭിക്കുന്നതു ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളെയെല്ലാം പ്രയാസത്തിലാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow