കടലിലൂടെയും വൻ നീക്കങ്ങൾ; യുദ്ധവിമാനങ്ങൾ കൂട്ടത്തോടെ എത്തി, ഇറാനെ വരിഞ്ഞുമുറുക്കി യുഎസ്,ചർച്ച ഇന്ന്
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾക്ക് മുന്നോടിയായി മധ്യേഷ്യയിൽ വ്യോമ, നാവിക വിന്യാസം ശക്തമാക്കി അമരിക്ക. യുഎസും ഇറാനും തമ്മിലുള്ള ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനും വൻനീക്കമാണ് യുഎസ് നടത്തിയിരിക്കുന്നത്.
ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്.
What's Your Reaction?



