മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത, ടെലികോം വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തി രാഷ്ട്രീയത്തിൽ സജീവമായ കെ.പി. ഉണ്ണികൃഷ്ണൻ, ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാവായിരുന്നു. വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത, ടെലികോം വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വടകര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ വിജയിച്ച് ലോക്സഭയിലെത്തി. പ്രഗത്ഭനായ പാർലമെന്റേറിയൻ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. വി.പി. സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത്, ഗൾഫ് യുദ്ധസമയത്ത് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.
രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ബൊഫോഴ്‌സ് ഇടപാട്, വളം കുംഭകോണം തുടങ്ങിയ വിഷയങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് ശങ്കേഴ്‌സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. നാളെ രാവിലെ 9 മണിക്ക് കോഴിക്കോട്ട് വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?