നടിയെ ആക്രമിച്ച കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ വാദം രാവിലെ തന്നെ പൂർത്തിയായിരുന്നു. ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. കടുത്ത ഭാഷയിലാണ് പൾസർ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്.
വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് താനാണ്. ശിക്ഷയില്‍ ഇളവു വേണമെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. മാത്രമല്ല നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്നും കോടതി പറഞ്ഞു.
കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്.
നാലാം പ്രതി വിജീഷ് കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷ നൽകണമെന്ന് അപേക്ഷിച്ചു. തന്നെ തലശ്ശേരി സ്വദേശിയായതിനാൽ കണ്ണൂർ ജയിലിൽ ഇടണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാൾ സലിം കോടതിയിൽ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്.
What's Your Reaction?