തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിൽ ഇന്നും തേനീച്ച ആക്രമണം. തേനീച്ചയുടെ കുത്തേറ്റ് 79 പേർ ആശുപത്രിയിൽ ചികിത്സ നേടി. ജീവനക്കാർക്കും വിവിധ സേവനങ്ങൾക്കെത്തിയവർക്കുമാണ് കുത്തേറ്റത്. ഇന്നലത്തെ തേനീച്ച ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേരുന്നതിനിടെയാണ് സംഭവം നടന്നത്.
വലിയ മൂന്ന് കൂടുകളും ആറ് ചെറിയ കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുള്ളത്. ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു തന്നെയാണ് ഇന്നും ആക്രമണം ഉണ്ടായത്. ഉടൻ തന്നെ കെട്ടിടത്തിലെ കൂറ്റൻ തേനീച്ച കൂടുകൾ മാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തു. ഇന്ന് വൈകുന്നേരം ഇതിനായുള്ള നടപടികൾ ആരംഭിക്കും. പെസ്റ്റ് കണ്‍ട്രോളറുടെ സഹായത്തോടെ പ്രാദേശിക വിദഗ്ധരെ വിളിച്ചായിരിക്കും കൂടുകള്‍ നീക്കുക.
ഇന്നലെ കളക്ടറേറ്റിൽ ബോംബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം നടന്നത്. ജീവനക്കാരെയെല്ലാം പുറത്തിറക്കിയായിരുന്നു പരിശോധന.
ഇന്നലെ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം ഇരുനൂറിലേറെ പേര്‍ക്ക് കുത്തേറ്റിരുന്നു. ഇന്നലത്തെ തേനീച്ച ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഏഴ് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സബ് കലക്ടർ ഒ.വി. ആൽഫ്രഡിനും തേനീച്ച കുത്തേറ്റിരുന്നു.