അതിജീവിതയുടെ മോതിരം തിരികെനല്‍കണം, പെന്‍ഡ്രൈവ് സ്വകാര്യമായി സൂക്ഷിക്കണം; വിധിന്യായം 1700 പേജുകളില്‍
പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയിലേക്ക് കോടതി പോയത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ആരംഭിച്ചത്, കേസിൽ 'സെൻസേഷണലിസം' (സമൂഹത്തിൽ ഉണ്ടാകുന്ന കോളിളക്കം) കോടതിയെ ബാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ്. നിയമം മാത്രമാണ് പരിശോധിച്ചിരിക്കുന്നതെന്ന് കോടതി ആമുഖമായി പറഞ്ഞു. പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയിലേക്ക് കോടതി പോയത്. ഈ കേസിൽ 1700 പേജുകളടങ്ങിയ വിശദമായ വിധിന്യായമാണ് കോടതി തയ്യാറാക്കിയത്.
പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവ് നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിലെ ആറ് പ്രതികൾക്കും 20 വർഷത്തെ കഠിനതടവാണ് ശിക്ഷയായി വിധിച്ചത്.
നിലവിൽ ഏഴ് വർഷത്തിലേറെയായി ഒന്നാം പ്രതിയായ പൾസർ സുനി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കാലയളവ് കുറച്ചായിരിക്കും ഇനിയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരിക. ശിക്ഷാകാലയളവ് എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നും കോടതി നിർദേശിച്ചു. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിക്കും.
ശിക്ഷാവിധിയുടെ വിശദാംശങ്ങൾ:
കോടതിയുടേത് 1700 പേജുള്ള വിധിന്യായം
തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും 25000 രൂപ പിഴയും.
ഗൂഢാലോചനയ്ക്ക് ഒരു വർഷം തടവും അര ലക്ഷം രൂപ പിഴയും.
പിഴത്തുക അഞ്ചു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം.
ദൃശ്യങ്ങൾ സൂക്ഷിച്ചതിന് പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം രണ്ടു ശിക്ഷകൾ: ദൃശ്യം ചിത്രീകരിച്ചതിന് മൂന്ന് വർഷം തടവ്, ദൃശ്യം സൂക്ഷിച്ചതിന് അഞ്ച് വർഷം തടവ്.
തടഞ്ഞുവെക്കലിന് ഒരു വർഷം തടവ്.
പ്രേരണാകുറ്റത്തിന് ശിക്ഷയില്ല.
ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി.
ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിക്കും.
അപ്പീൽ നടപടികൾ കഴിയുന്നതുവരെ ഇരയുടെ പെൻഡ്രൈവ് ദൃശ്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം.
തെളിവിന്റെ ഭാഗമായിരുന്ന നടിയുടെ മോതിരം തിരികെ നൽകണം.
What's Your Reaction?