സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വര മരണം
കഴിഞ്ഞ വർഷം ആകെ 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ, ഈ വർഷം ഇതുവരെയായി 129 പേർക്കാണ് രോഗം ബാധിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയായ 78 വയസുള്ള ഒരാളാണ് മരിച്ചത്. ഇതോടെ, തലസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
ലോകത്ത് അപൂർവങ്ങളിൽ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്തിരുന്ന ഈ രോഗം കേരളത്തിൽ ദിവസവും രണ്ടും മൂന്നും പേർക്ക് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം ആകെ 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ, ഈ വർഷം ഇതുവരെയായി 129 പേർക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. സർക്കാർ പ്രഖ്യാപിച്ച പഠനം എങ്ങുമെത്തിയില്ല. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും രോഗവ്യാപനത്തിൻ്റെ യഥാര്‍ഥ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനങ്ങൾ എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
What's Your Reaction?

