നടിയെ പീഡിപ്പിച്ച കേസ്; ശിക്ഷാവിധിക്ക് കാതോര്‍ത്ത് കേരളം
പ്രതികളുമായി പോലീസ് സംഘം വിയ്യൂരിൽ നിന്ന് കോടതിയിലേക്ക് പുറപ്പെട്ടു
കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. പ്രതികളുമായി പോലീസ് സംഘം വിയ്യൂരിൽ നിന്ന് കോടതിയിലേക്ക് പുറപ്പെട്ടു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വർഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് ആറ് പ്രതികൾക്കുമെതിരെ കണ്ടെത്തിയത്.
പ്രതികളെ ജയിലിൽനിന്നു രാവിലെ 11നു മുൻപു കോടതിയിലെത്തിക്കും. ഇവർക്കു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന്, പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കും.
എട്ടാംപ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ ഇന്ന് വിധിന്യായത്തിൽ പ്രസ്താവിക്കും. കുറ്റം ചെയ്തിട്ടില്ലെന്നു കോടതിക്കു ബോധ്യപ്പെടുമ്പോഴോ തെളിവുകൾ കണ്ടെത്തി കുറ്റം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുമ്പോഴോ ആണ് പ്രതിയെ കുറ്റവിമുക്തനാകുന്നത്. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും.
What's Your Reaction?