ആറ്റുകാൽ പൊങ്കാല മഹോത്സവം: തിരുവനന്തപുരം നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അറിയാം
എല്ലാ സോണുകളുടെയും ഏകോപനം കൺട്രോൾ റൂം വഴി നടത്തുവാനും ഉള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ ഇന്നലെ (മാര്‍ച്ച് രണ്ട്) മുതൽ ഇന്ന് (മാര്‍ച്ച് 3) വരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ കെ. കാർത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തിൽ 4000 ഓളം പോലീസ് ഉദ്യോഗസ്ഥരെ ആറ്റുകാലും പരിസര പ്രദേശങ്ങളിലുമായി സുരക്ഷാ ക്രമീകരണങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ആറ്റുകാലും പരിസര പ്രദേശങ്ങളെയും ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്ന തിരുവനന്തപുരം സിറ്റിയിലെ പ്രധാന സ്ഥലങ്ങളെയും പ്രത്യേക 4 സോണുകളായും 13 ഡിവിഷനുകളായും 29 സെക്റ്ററുകളായും തിരിച്ചു ഓരോ സോണിലും ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് നിയന്ത്രണം കാര്യക്ഷമമാക്കിയിട്ടുണ്ട്. എല്ലാ സോണുകളുടെയും ഏകോപനം കൺട്രോൾ റൂം വഴി നടത്തുവാനും ഉള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ആറ്റുകാൽ, പാടശ്ശേരി, ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ എന്നിവിടങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന പോലീസ് കണ്ട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഉത്സവകാലയളവിൽ അടിയന്തര സാഹചര്യങ്ങൾ, വഴിതെറ്റിയ കുട്ടികൾ, നഷ്ടപ്പെട്ട വസ്തുക്കൾ, ആരോഗ്യസഹായം, ഗതാഗത സംബന്ധമായ വിവരങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഭക്തജനങ്ങൾ സമീപത്തെ കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.
പൊങ്കാല അർപ്പിക്കാനായി എത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രദർശനം ചെയ്യുമ്പോൾ ക്ഷേത്ര പരിസരത്ത് അഭൂതപൂർവ്വമായ ജനത്തിരക്ക് മൂലം ഉണ്ടായേക്കാവുന്ന സമ്മർദ്ദവും തിക്കും തിരക്കും പോലുള്ള അപകടാവസ്ഥയും ഉണ്ടാകാതിരിക്കാന്‍ സുപ്രധാന സ്ഥലങ്ങളിൽ ആവശ്യമായ ക്യു മാനേജ്‍മെന്റ് ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.
സമയാസമയങ്ങളിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ സന്ദേശങ്ങൾ നൽകുന്നതിലേക്കായി 20 ഓളം സ്ഥലങ്ങളിൽ മെഗാഫോൺ വഴി ആശയവിനിമയം നടത്തുന്നതിനും ഉള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന മേഖലകളിൽ സുരക്ഷയുടെ ഭാഗമായി പോലീസ് ഡ്രോൺ നിരീക്ഷണം നടത്തി തിരക്കിന്റെ സ്വഭാവം വിലയിരുത്തുകയും സംശയാസ്പദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
അടിയന്തിര സാഹചര്യങ്ങളിൽ ജനങ്ങളെ വേഗത്തിൽ ഒഴിപ്പിക്കാൻ പ്രത്യേക അണുവിമുക്തമാക്കല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ പാതയിൽ സാധാരണ ഗതാഗതം അനുവദിക്കില്ല. കിള്ളിപ്പാലം പിആര്‍എസ് ജംഗ്ഷൻ മുതൽ പാടശ്ശേരി ബ്രിഡ്ജ് - ആറ്റുകാൽ - ചിറപ്പാലം വരെയും ആറ്റുകാൽ സൗത്ത് നട വഴി ചിറമുക്ക് - ചിറപ്പാലം - കാലടി - അമ്പലത്തറ വഴി NH -66 വരെയും ഉള്ള പാതകൾ അണുവിമുക്തമാക്കാന്‍ഡ സജ്ജീകരിച്ചു അടിയന്തിര സേവനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കും
ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഒന്നാം ഘട്ടത്തിൽ 7 പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ, വിവിധ ജില്ലകളിൽ നിന്നും പൊങ്കാലയ്ക്കായി എത്തുന്നവരുടെ വാഹനങ്ങൾക്കായി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30-ഓളം പാർക്കിംഗ് സ്ഥലങ്ങൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്നതിനും തിരികെ വരുന്നതിനുമായി കെ.എസ്.ആര്‍.സിയുടെ ഷട്ടിൽ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയോട നുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വഴി തിരിച്ചുവിടുന്നതാണ്. പൊങ്കാലയുടെ തലേദിവസം മുതൽ ആറ്റുകാൽ ക്ഷേത്ര പരിസരങ്ങളിലൂടെയുള്ള വാഹന ഗതാഗതം കർശനമായി നിരോധിച്ചിരിക്കുന്നു
ഭക്തജനങ്ങൾക്ക് പാർക്കിങ് സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി ക്യുആര്‍ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഭക്തജനങ്ങൾ അവരുടെ മൊബൈൽ ഫോണിലെ ക്യാമറ അല്ലെങ്കിൽ ക്യുആര്‍ സ്കാനർ ഉപയോഗിച്ച് ഈ കോഡ് സ്കാൻ ചെയ്താൽ, ലഭ്യമായ പാർക്കിങ് സ്ഥലങ്ങളുടെ വിവരങ്ങൾ ഉടൻ ലഭ്യമാകും.ഈ സംവിധാനം വഴി പാർക്കിങ് സംബന്ധമായ ആശയക്കുഴപ്പം ഒഴിവാക്കാനും ഗതാഗത തടസ്സങ്ങൾ കുറയ്ക്കാനും തിരക്ക് നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കാനും സാധിക്കും
ആറ്റുകാലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 233 ക്യാമറകൾക്ക് പുറമേ ആറ്റുകാൽ പരിസരത്ത് 58 ക്യാമറകളും മറ്റ് പ്രധാന സ്ഥലങ്ങളിൽ 25 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. നിരീക്ഷണം ആറ്റുകാൽ പരിസരത്തു സ്ഥിതിചെയ്യുന്ന ആറ്റുകാൽ കണ്ട്രോൾ റൂം വഴി നടത്തും. തിരക്കുള്ള സാഹചര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ ധരിക്കുന്ന സ്വർണമാലകൾ, ആഭരണങ്ങൾ തുടങ്ങിയവയ്ക്ക് നേരെ മോഷണ ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ഭക്തജനങ്ങളുടെ സ്വത്ത് സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുഫ്തി, ഷാഡോ പോലീസ്, തമിഴ് നാട്ടിൽ നിന്നുള്ള സ്പോട്ടെർ ടീം എന്നിവരെ നിയോഗിച്ചു ശക്തവും കാര്യക്ഷമവുമായ സുരക്ഷാ ക്രമീകരണങ്ങൾ ഈ വർഷം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ആറ്റുകാലും പരിസരവും അടങ്ങുന്ന പ്രദേശങ്ങളുടെയും ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളും അടങ്ങിയ ബ്ലൂപ്രിന്റ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.
What's Your Reaction?