വിവാഹ സ്വപ്നങ്ങൾ ബാക്കിവെച്ച് അഖിൽ യാത്രയായി; യുക്രൈനിലെ ആക്രമണത്തിൽ മലയാളി നാവികന് ദാരുണാന്ത്യം
കാസർകോട്: യുക്രൈൻ തീരത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയിയുടെ വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. വിവാഹ നിശ്ചയത്തിനായി അടുത്തിടെ നാട്ടിലെത്തിയ അഖിൽ, ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.
ഒഡേസ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന 'ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് അഖിൽ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കപ്പൽ കമ്പനി അഖിലിന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
ആദ്യം കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായതായും അഖിലിനെ കാണാതായതായുമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. തുടർന്ന് കമ്പനിയുമായി നടത്തിയ ആശയവിനിമയത്തിലും വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ സ്ഥിരീകരണത്തിലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അഖിലും ഉൾപ്പെട്ടതായി കുടുംബത്തെ അറിയിച്ചത്.
അഖിലിന്റെ മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും ഒഴുകിയെത്തുകയാണ്. വിവാഹ ഒരുക്കങ്ങളുടെ സന്തോഷം നിറഞ്ഞിരുന്ന വീട്ടിൽ ഇപ്പോൾ അപ്രതീക്ഷിത വേർപാടിന്റെ വേദനയാണ് നിറഞ്ഞുനിൽക്കുന്നത്.
What's Your Reaction?



