ഹേമ കമ്മിറ്റി റിപ്പോർട്ട്: പേരുകൾ വെളിപ്പെടുത്താൻ ശ്വേത മേനോനെ വെല്ലുവിളിച്ച് മാലാ പാർവതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോനെ വെല്ലുവിളിച്ച് മാലാ പാർവതി. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ശ്വേത മേനോന് അതിന്റെ ഉത്തരവാദിത്തമുണ്ടെന്നും, അല്ലാത്തപക്ഷം അനാവശ്യ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടയാക്കുമെന്നും മാലാ പാർവതി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ഗ്രൂപ്പിനെതിരെയാണ് തന്റെ പോരാട്ടമെന്നും, കുറ്റാരോപിതർ സംഘടനയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത മേനോൻ പറഞ്ഞതിന് പിന്നാലെയാണ് മാലാ പാർവതി പ്രതികരണവുമായി രംഗത്തെത്തിയത്.
‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും, അതേസമയം എ എം എം എ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ കുറ്റാരോപിതർ ആരൊക്കെയാണ്? സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല. അപ്പോൾ ശ്വേത മേനോൻ പരാമർശിക്കുന്നവർ ആരാണ്?’ മാലാ പാർവതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് തന്റെ പോരാട്ടമെന്നും, താൻ ഉള്ളിടത്തോളം കുറ്റാരോപിതർ ഒരിക്കലും എ എം എം എയുടെ തലപ്പത്ത് വരില്ലെന്നുമായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.
സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചുവെന്നും, അവർക്കെതിരായ തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ശ്വേത മേനോൻ പറഞ്ഞു. ഇരകളെ എന്നും ചേർത്തുപിടിച്ചിട്ടുണ്ടെന്നും, അത് മാധ്യമശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.'''
What's Your Reaction?



