കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

നിലവിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണായി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്

Feb 23, 2026 - 13:23
Feb 23, 2026 - 13:23
 0
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. ലോഡിങ്ങ് തൊഴിലാളികളായ ജബ്ബാർ (കിനാശ്ശേരി), അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ചിന് സമീപം പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്.

നിലവിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണായി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഗോഡൗണിലേക്ക് സാധനങ്ങൾ ഇറക്കിയ ശേഷം ഷട്ടറിന് സമീപമുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയത്താണ് മുകളിലെ കോൺക്രീറ്റ് സ്ലാബ് പെട്ടെന്ന് തകർന്നു വീണത്.

അപകടസമയത്ത് ഏഴ് പേരാണ് അവിടെ ഉണ്ടായിരുന്നത്. സ്ലാബ് വീഴുന്നത് കണ്ട് രണ്ട് പേർ ഓടി മാറിയെങ്കിലും ബാക്കി അഞ്ച് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ അഞ്ച് പേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് പേർ ചികിത്സയിലാണ്. പഴക്കമുള്ള കെട്ടിടത്തിന്റെ ബലക്ഷയമാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow