ശബരിമല സ്വർണക്കൊള്ള: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു
സ്വർണക്കൊള്ളയിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കെ.ബാബു ആരോപിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളെ പിടികൂടാത്തതിലും തന്ത്രിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്വർണക്കൊള്ളയിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കെ.ബാബു ആരോപിച്ചു. യാതൊരു തെളിവുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് സഭയുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്ന് നിയമമന്ത്രി പി.രാജീവ് വിശദീകരിച്ചു. ഹൈക്കോടതിക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ സർക്കാരിന് ലഭിക്കുന്നില്ല. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിക്ക് നിയമപരമായി പ്രത്യേക പദവികളൊന്നുമില്ലെന്നും മറ്റ് പ്രതികളെപ്പോലെയുള്ള അവകാശങ്ങൾ മാത്രമേയുള്ളൂവെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും സഭയ്ക്ക് പുറത്ത് തന്ത്രിയുടെ അഭിഭാഷകരായി പ്രവർത്തിക്കുകയാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള 'സുവർണ അവസരം' കാത്തിരിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു.
What's Your Reaction?