താമരശ്ശേരിയില്‍ ഒന്‍പത് വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമല്ലെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്
കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് കേസിൽ നിർണ്ണായകമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇപ്പോൾ പുറത്തുവരുന്നത്

കോഴിക്കോട്: താമരശ്ശേരിയിൽ ഒൻപതു വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം (Amoebic Meningoencephalitis) കാരണമല്ലെന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ഏറ്റവും പുതിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച്, മരണത്തിന് പിന്നാലെ കുട്ടിയുടെ അച്ഛനായ സനൂപ്, താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് കേസിൽ നിർണ്ണായകമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇപ്പോൾ പുറത്തുവരുന്നത്.
നേരത്തെ, ഒൻപതു വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് അന്ന് റിപ്പോർട്ടിലുണ്ടായിരുന്നത്.
എന്നാൽ, കുട്ടിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമല്ലെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം മുതൽ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് നിലവിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
What's Your Reaction?






