തലശ്ശേരി കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ: ഡോ. എം.കെ. റാമിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയച്ചു
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ നിതിന്റെ മരണവുമായി ബന്ധപ്പെട്ട് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ച പ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് വിട്ടയച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശിക്കുന്ന നോട്ടീസ് നൽകിയാണ് നടപടി. നേരത്തെ അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഡോ. റാമിന് ജാമ്യം നൽകിയത്. എന്നാൽ കോടതി വളപ്പിൽ നിന്ന് ഇദ്ദേഹത്തെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത് തലശ്ശേരിയിൽ വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
ജാമ്യം ലഭിച്ചിറങ്ങിയ പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകർ ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധമറിയിച്ച് അഭിഭാഷകർ വീണ്ടും ജഡ്ജിയുടെ ചേംബറിലെത്തുകയും ചെയ്തു. അതേസമയം, ഡോ. റാമിനെ ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും നോട്ടീസ് കൈമാറാൻ മാത്രമാണ് കൂടെക്കൂട്ടിയതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. അറസ്റ്റ് ചെയ്യുന്നതിനുള്ള കൃത്യമായ കാരണങ്ങൾ (Ground of arrest) വ്യക്തമാക്കാത്തതിനാലും സുപ്രീംകോടതി മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാലും ആണ് നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
What's Your Reaction?

