ദേശീയ പണിമുടക്ക്: കേരളത്തെയും പണിമുടക്ക് സാരമായി ബാധിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല

Jul 9, 2025 - 07:16
Jul 9, 2025 - 07:16
 0
ദേശീയ പണിമുടക്ക്: കേരളത്തെയും പണിമുടക്ക് സാരമായി ബാധിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചിട്ട് മണിക്കൂറുകൾ പിന്നിടുന്നു. ഇന്നലെ രാത്രി 12 മണി മുതൽ ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക്. 

കേരളത്തെയും പണിമുടക്ക് സാരമായി ബാധിച്ചിരിക്കുകയാണ്. 17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളുംസംയുക്തമായി പണിമുടക്കുന്നത്. ആശുപത്രി, മെഡിക്കൽ സ്റ്റോർ, ആംബുലൻസ്‌, മാധ്യമസ്ഥാപനം, പാൽ വിതരണം അടക്കമുള്ള അവശ്യസർവീസുകളെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

പലസ്ഥലങ്ങളിലും നിരത്തുകൾ ശൂന്യമാണ്. കടകൾ പലതും അടച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. ചുരുക്കം ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതേ സമയം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ട്രെയിനിൽ എത്തുന്ന യാത്രക്കാർ ദുരിതത്തിൽ ആകാതെ ഇരിക്കാനായി റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പോലീസ് വാഹനങ്ങൾ സജീകരിച്ചിട്ടുണ്ട്.

അതേ സമയം കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. എന്നാൽ തൃശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി.

കൂടാതെ കോഴിക്കോട് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow