തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ട ഡ്രൈവർ യദുവിന് നിയമസഭാ ബസിൽ നിയമനം

Jun 13, 2026 - 14:12
Jun 13, 2026 - 14:12
 0
തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിന് പിന്നാലെ ജോലി നഷ്ടപ്പെട്ട ഡ്രൈവർ യദുവിന് നിയമസഭാ ബസിൽ നിയമനം

മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി തെരുവിൽ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കപ്പെട്ട താൽക്കാലിക ഡ്രൈവർ യദുവിന് യുഡിഎഫ് സർക്കാർ പുതിയ നിയമനം നൽകി. നിയമസഭയിലെ ജീവനക്കാരെ കൊണ്ടുപോകുന്ന ബസിന്റെ ഡ്രൈവറായാണ് യദുവിന് താൽക്കാലിക നിയമനം ലഭിച്ചിരിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ഈ നിയമനത്തെ തുടർന്ന് കഴിഞ്ഞ ദിവസം യദു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

എന്നാൽ, മുൻ മേയറുമായുള്ള തർക്കമല്ല യദുവിനെ കെഎസ്ആർടിസിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നായിരുന്നു അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വിശദീകരണം. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിലുടനീളം യദു ഇയർ ഫോൺ വഴി ഫോണിൽ സംസാരിച്ചതായി സിറ്റി പോലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം റിപ്പോർട്ട് നൽകിയതിനാലാണ് നടപടിയെടുത്തതെന്നാണ് ഗതാഗത വകുപ്പ് അന്ന് വ്യക്തമാക്കിയത്.

2024 ഏപ്രിൽ 27-നായിരുന്നു കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ആ സംഭവമുണ്ടായത്. തിരുവനന്തപുരം പാളയത്തുവെച്ച് രാത്രിയിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടയുകയും യദുവുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു

. ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറിയെന്ന ആര്യയുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് യദുവിനെതിരെ കേസെടുത്തു. പിന്നാലെ യദുവും മേയർക്കെതിരെ പരാതി നൽകിയെങ്കിലും പോലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. പിന്നീട് യദു കോടതിയെ സമീപിച്ചതോടെയാണ് ആര്യയ്ക്കും സച്ചിൻ ദേവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ ഈ കേസിൽ പിന്നീട് പോലീസ് സമർപ്പിച്ച കുറ്റപത്രം ഏറെ വിവാദമായിരുന്നു. ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ്, ആര്യയുടെ ബന്ധുവായ സ്ത്രീ എന്നിവരെ പൂർണ്ണമായും ഒഴിവാക്കി, ആര്യയുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

സീബ്രാ ലൈനിൽ വാഹനം നിർത്തിയിട്ട് യാത്ര തടഞ്ഞു എന്ന നിസ്സാര കുറ്റം മാത്രമാണ് അരവിന്ദിനെതിരെ ചുമത്തിയിരുന്നത്. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണ് മേയറും ഭർത്താവും ചെയ്തതെന്നും, ഒരു കുറ്റകൃത്യം നടക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധത്തെ കുറ്റമായി കാണാൻ കഴിയില്ലെന്നുമുള്ള വിചിത്രമായ വാദമാണ് പോലീസ് കുറ്റപത്രത്തിൽ നിരത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും പോലീസ് അന്ന് വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow