കൊച്ചി നഗരത്തിലെ ഗതാഗതകുരുക്ക്; സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി

Aug 28, 2025 - 18:05
Aug 28, 2025 - 18:06
 0
കൊച്ചി നഗരത്തിലെ ഗതാഗതകുരുക്ക്; സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണം. ബസുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാനര്‍ജി റോഡില്‍ പാലാരിവട്ടം മുതല്‍ ഹൈക്കോടതി വരെയും സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ വൈറ്റില മുതല്‍ പള്ളിമുക്ക് വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്.

ഈ റോഡില്‍ നിരവധി സിഗ്‌നല്‍ ലൈറ്റുകള്‍ ഉണ്ടെങ്കിലും സമയം കുറവായതിനാല്‍ പച്ച വെളിച്ചം തെളിഞ്ഞ് വാഹനങ്ങള്‍ നീങ്ങി തുടങ്ങുമ്പോഴേക്കും ചുവപ്പ് തെളിയും. ഇത് പരിഹരിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ നേരിട്ടിറങ്ങണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. രാവിലെ എട്ടര മുതല്‍ പത്തുമണിവരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴര വരെയും ഈ റോഡുകളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow