ദോഹ: ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറു പേര് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 27 പേർക്ക് പരിക്കേറ്റതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റവരിൽ മിക്കവരുടെയും നില അതീവ ഗുരുതരമാണ്. വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ച് റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.
വിനോദയാത്രാ സംഘത്തിൽ മലയാളിയും ഉൾപ്പെടുന്നതായാണ് വിവരം. മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ.അതെ സമയം മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ശക്തമായ മഴയില്‍ ഇവര്‍ സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.