ഹജ്ജ് പ്രമാണിച്ച് മക്കയിൽ കർശന സുരക്ഷാ ക്രമീകരണം
മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ നേടണം

റിയാദ്: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുെമന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവർക്ക് ഹജ്ജ് കർമങ്ങൾ നിർവഹിക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ 23 (ബുധനാഴ്ച) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്ക മേഖലയിൽ ഇഷ്യൂ ചെയ്ത റസിഡൻറ് ഐ.ഡി (ഇഖാമ), ഹജ്ജ് പെർമിറ്റ് എന്നിവ ഉള്ളവർക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക.
അംഗീകൃത പെർമിറ്റ് ഇല്ലാത്ത താമസക്കാരെ മക്കയിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുകയും വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുകയും ചെയ്യും. ഹജ്ജ് വിസയിലുള്ളവർ ഒഴികെ എല്ലാത്തരം വിസകളിലുമുള്ളവർക്ക് മക്ക നഗരത്തിലേക്ക് പ്രവേശനമോ അവിടെ താമസമോ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
What's Your Reaction?






