മലയാളത്തിന് അഭിമാനം: ‘റോട്ടൻ സൊസൈറ്റി’ മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനലാണ് ചിത്രത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്

Dec 29, 2025 - 23:23
 0
മലയാളത്തിന് അഭിമാനം: ‘റോട്ടൻ സൊസൈറ്റി’ മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അഭിമാന നേട്ടമായി എസ്. എസ്. ജിഷ്ണുദേവ് രചനയും സംവിധാനവും നിർവഹിച്ച ‘റോട്ടൻ സൊസൈറ്റി’ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനലാണ് ചിത്രത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

ഒരു റിപ്പോർട്ടറുടെ കൈവശമുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈകളിലെത്തുകയും ചെയ്യുന്നതോടെ ആരംഭിക്കുന്ന കഥ, ആ ക്യാമറ ഭ്രാന്തൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പകർത്തുന്ന കാഴ്ചകളിലൂടെയാണ് മുന്നേറുന്നത്. സ്വതന്ത്ര സിനിമയുടെ ചിന്തനീയവും ശക്തമായ സ്വാധീനമുള്ളതുമായ സൃഷ്ടിയാണെന്നും, സിനിമ അവസാനിച്ചാലും പ്രേക്ഷക മനസ്സുകളിൽ ദീർഘകാലം തങ്ങി നിൽക്കുന്ന നിമിഷങ്ങൾ ‘റോട്ടൻ സൊസൈറ്റി’ സൃഷ്ടിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.

ടി. സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷത്തിൽ എത്തുമ്പോൾ പ്രിൻസ് ജോൺസൺ പ്രതിനായക വേഷം അവതരിപ്പിക്കുന്നു. മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം.വി, ഗൗതം എസ്. കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച ചിത്രം സ്നേഹൽ റാവു, ഷൈൻ ഡാനിയേൽ എന്നിവർ സഹനിർമ്മാതാക്കളാണ്. പശ്ചാത്തല സംഗീതം ഒഴിവാക്കി സൗണ്ട് എഫക്റ്റുകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. സൗണ്ട് എഫക്റ്റ്സ് സാബു, ശബ്ദമിശ്രണവും സൗണ്ട് ഡിസൈനും ശ്രീവിഷ്ണു ജെ. എസ് നിർവഹിച്ചു. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്. ചിത്രത്തിന്റെ പി.ആർ.ഒ അജയ് തുണ്ടത്തിൽ.

‘റോട്ടൻ സൊസൈറ്റി’ 2026-ൽ പ്രേക്ഷകസമക്ഷത്തിലെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow